വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Friday, March 1, 2013

ന്റെ റം‌ല

ന്റെ റം‌ല


അറിയിപ്പ് -ഇതെന്റെ അനുഭവക്കുറിപ്പാണ് . എന്നാൽ ഇതിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരും തമ്മിൽ ഒരു ബന്ധവുമില്ല. അത്തരത്തിൽ സാദൃശ്യം കണ്ടാൽ അത് കേവലം യാദൃശ്ചീകം മാത്രം.
                    

                      എന്റെ മനസ്സിൽ തോനുന്ന ഇഷ്ടം ആരോടും അറിയിക്കാറില്ല. അത്രയും പ്രീയപ്പെട്ട ഒരാളേ മാത്രമേ ഞാൻ ഇഷ്ടപ്പെടൂ. അവർക്ക് എന്നോട് പലപ്പോഴും ഇഷ്ടം തോന്നാറുമില്ല. എന്നാൽ സ്നേഹത്തെക്കുറിച്ച് അൽ‌പ്പമൊന്ന് സംസാരിക്കുന്നതിനും പ്രണയലേഖനങ്ങൾ എഴുതിക്കൊടുക്കുന്നതിനും ഞാൻ കാമ്പസിലെ പ്രിയപ്പെട്ടവനായിരുന്നു  .

                          ഞാൻ എഴുതികൈമാറുന്ന ലൌ ലെറ്ററുകൾ ആഴ്ച്ചകളോളം കലാലയത്തിലൂടെ ചുറ്റിത്തിരിയുമായിരുന്നു. ചിലപ്പോഴൊക്കെ അധ്യാപകരും, അധ്യാപികമാരും വായിച്ചിട്ടുണ്ട്. അതിൽ,തുറന്ന് പറയാം ചിലർക്കൊക്കെ എന്നോട് മതിപ്പുണ്ടായിട്ടുണ്ട്. ഡിപ്പാർട്ട്മെന്റിൽ വച്ച് കത്തുകൾ വായിപ്പിക്കുകയും, മലയാളത്തിന് പഠിക്കുവാനുള്ള സിലബസിൽ ചേർക്കുവാൻ താല്പര്യപ്പെടുകയും ചെയ്തിട്ടുണ്ട്
                                          
                                 അങ്ങനെ എന്റെ സുഹൃത്ത് ഇക്കാ‍ന് ഒരു മൊഞ്ചൊള്ള പെണ്ണിനോട് മരണപ്രണയം തോന്നിയെന്ന് ഞാനറിഞ്ഞു. പക്ഷേങ്കിൽ അവൾ പിടി കൊടുക്കിന്നില്ലെന്ന്.  അവൻ കാര്യങ്ങൾ പറഞ്ഞപ്പോൾ ന്റെ ലൌലെറ്റർ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരിക്കൽ‌പോലും ഞാൻ കാണാത്ത പെൺകുട്ടിക്കുവേണ്ടി ഇതുവെരെ എഴുതാത്ത ഒരു പ്രണയലേഖനം. അക്ഷരം വളരെ മോശമായതിനാൽ എനിക്ക് തന്നെ വീണ്ടും വായിച്ചപ്പോൾ ഒന്നും മനസ്സിലാകുന്നില്ല. എന്നാലും രാവിലെ ഇക്കാന് കത്ത് നൽകി.

                              അവൻ അത് വാങ്ങി കീശേലേക്കിടുമ്പോൾ ഞാൻ പറഞ്ഞു. “ടാ….. അത് നന്നായി എഴുതികൊടുക്കണം . ഇല്ലെങ്കി ആകെ പോക്കാവും. അവള് വായിക്കാതെ കീറി മുഖത്തെറിയും”. അവൻ പറഞ്ഞു “അളിയാ അതിനൊന്നും സമയമില്ല. ദാ അവള് വരണ്‌ണ്ട്. സ്നേഹമുണ്ടെങ്കിൽ അവള് വായിച്ചോളും. നീയെന്റെ കൂടെ നിൽക്ക് ”. ഹേയ് എനിക്കതിഷ്ടമില്ല. “ഈ പ്രേമം, ലൌ,…എനിക്ക അത് പറ്റില്ല. വേണെങ്കിൽ ഒരു കൂട്ട്..അത് മതി , മറ്റതിന് ഞാനില്ല”. 

                        അപ്പോഴേക്കും അവൾ അടുത്ത് വന്നിരുന്നു. അവൻ പറഞ്ഞു. “റം‌ലാ……ഒന്ന് നിന്നേ . അവൾ സ്നേഹത്തോടെ ചോദിച്ചു, “ന്താ ന്റ്റിക്കാ“. “എനക്ക് ഒരുകാര്യം പറയണം“ . “എന്നും കാണണ ഇക്ക ഇനി എന്ത് പറയാൻ.ഇക്കാ എനക്ക് കെക്കണ്ട" അവൾ ദേഷ്യപ്പേട്ടു . ഇക്കാനെ തള്ളിപ്പറഞപ്പോൾ എനിക്ക് ദേഷ്യം വന്നു. 

                          എത്രദിവസമായി അവളേയുംകാത്ത് മനസ്സ് നിറയേ പ്രേമവുമായി അവൻ നടക്കണ് . അത് എനക്കല്ലേ അറ്യൂ. ഞാൻ രണ്ടെണ്ണം പറയാൻ തീരുമാനിച്ച് തിരിഞ്ഞ് അവളെ നോക്കി. ന്റെ റബ്ബേ……… ..ഇതുപോലൊരു സുന്ദരിയേ  ഇതിനുമുൻപ് കണ്ടിട്ടില്ല . ഇവളെ ചീത്തപറയാനോ……!. അതും പ്രണയം മാത്രം ആഗ്രഹിക്കുന്ന ഈ ഞാൻ……..ഞാൻ കണ്ണുചിമ്മാതെ അവളേത്തന്നെ നോക്കി നിന്നു. പിന്നെ പിന്മാറി. 

                            ന്റെ ഇക്കാന്റെ പെണ്ണല്ലേ. അതും അവൻ കെട്ടാൻ കൊതിക്കണവള്. എല്ലാം മറന്ന് തിരിഞ്ഞ് നടന്നപ്പേൾ ഇക്കന്റെ ശബ്ദം…“റം‌ലാ…..,നീ ഇത് വാങ്ങണം. ന്റെ മനസ്സിൽ തോന്നണത് ഇതിലൊണ്ട്. വായിച്ച് ഇനി ന്റെ മുന്നിൽ വരുമ്പോ ഇഷ്ടാന്ന് പറയണം .നിന്നേ എനക്ക് പെരുത്തിഷ്ടാ..” അവൻ കത്ത് നീട്ടി…നീട്ടി നിൽക്കുന്നു..

                             ഞാൻ അറിയാതെ പ്രാർത്ഥിച്ചു. അവൾ ആ കത്ത് വാങ്ങിയിരുന്നെങ്കിൽ…..ന്റെ പ്രാർത്ഥന പടച്ചോൻ കേട്ടു. ഒന്നും മിണ്ടാതെ അവൾ അത് വാങ്ങി തിരിഞ്ഞ് നടന്നു. ഞാൻ മനസ്സിൽ കരുതി. ന്റെ വൃത്തികെട്ട അക്ഷരം. ഒന്ന് നന്നായിട്ട് എഴുതാമായിരുന്നു. ങ്….ഹാ , വിധി. അവൾ വായിച്ചെങ്കിൽ എന്റെ മനസ്സ് അറിഞ്ഞിരുന്നെങ്കിൽ, ഞാൻ മനസ്സിലാഗ്രഹിച്ചു.

                         പിറ്റേന്ന് ഞാൻ വൈകിയാണ് കാമ്പസ്സിൽ എത്തിയത്. റം‌ല വന്ന്‌ എന്നേ തിരക്കിയതായി ഞാൻ അറിഞ്ഞു. എല്ലാം അവസാനിച്ചതായി ഞാൻ വിചാരിച്ചു. ആഗ്രഹിക്കാൻ പാടില്ലാത്തത് ആഗ്രഹിച്ചു. ഇക്ക അറിഞ്ഞില്ലെങ്കിലും എന്റെ മനസ്സിൽ അവളോട് ഒരു വലിയ ഇഷ്ടം തോന്നി. ഉറച്ച് തീരുമാനിച്ചു. ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. പക്ഷേ മറക്കാൻ പറ്റണില്ലല്ലോ, ന്റെ പടച്ചോനെ….പാലിന്റെ നിറോള്ള കവിൾ……..വിടർന്ന കണ്ണ്ന്നൊക്കെപ്പറഞ്ഞാൽ തീരില്ല……ചെറിപ്പഴമ്പോലുള്ള ചുണ്ട്…..റബ്ബേ അവള് സുന്ദരിമാത്രമല്ല……പിന്നെന്താണ്ടാ അവള്, ഞാൻ സ്വയം ആലോചിച്ചോണ്ട്  വെളിവില്ലാതെ നടന്നു.

                                 കാമ്പസ്സിന്റെ മൂന്നാം നിലയിലാണ് “ലവേഴ്സ് കോർണർ”. ഞാൻ അവിടെ ഒറ്റക്കിരുന്നു. പ്രണയലേഖനങ്ങൾ ആവശ്യമുള്ളവർ അവിടെ വരും . പണം വാങ്ങും .അന്നാന്നത്തെ വട്ടച്ചിലവ് നടന്നുപോകും. ഇടവേളകഴിഞ്ഞ് എല്ലാവരും ക്ലാസ്സിലേക്ക് . വെളുത്തചുരിദാറിട്ട ഒരു കുട്ടി എന്റെ നേർക്ക് വരുന്നു, ഞാൻ അതിശയിച്ചു. റം‌ല….ന്റെ റം‌ല…[അല്ല..ഇക്കാന്റെ റം‌ല]

                           എന്റെ കൈകൾ പിടിച്ച് വിരലുകൾ നിവർത്തി ചുരുട്ടിയ  പേപ്പർ വച്ചുതന്നു. “ഞാൻ വായിച്ചു. നന്നായിട്ടുണ്ട്. ഇനി എഴുതുമ്പോൾ നേരിട്ട് തരണം. പോട്ടേ ”. ഹോ……..മധുരമായ പ്രതികാരം……..പെൺകുട്ടികൾ കൂകി വിളിച്ചു….

                          പക്ഷേ റം‌ല പതുക്കെ ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കി നടന്നകന്നു……അവൾക്ക് എന്നോട് എന്തോ ഒരിഷ്ടം തോന്നിയതായി ഞാൻ തിരിച്ചറിഞ്ഞു. ഇക്കാ വന്ന് ചോദിച്ചു. അവൾ നിന്നോട് എന്താ പറഞ്ഞത്. ഞാൻ ചുരുട്ടിയ കത്ത് നൽകി പറഞ്ഞു “ മര്യായാദക്ക് പറഞ്ഞില്ലേ വൃത്തിയായി എഴുതണം ന്ന്….നിന്റെ പ്രാന്ത് അവൾക്ക് വായിക്കാൻ പറ്റാത്തവിധം അക്ഷരങ്ങൾ…ന്റെ കൈയ്യക്ഷരം തിരിച്ചറിഞ്ഞു. ദേഷ്യപ്പെട്ടുപോയി…..” അങ്ങനെ പറയുവാനാണ് തോന്നിയത്

                               അടുത്തദിവസം നേരത്തെ കാമ്പസ്സിൽ എത്തി. അവൾ വന്നിറങ്ങുന്ന ബസ്റ്റോപ്പിൽ നിലയുറപ്പിച്ചു…അവൾ കാണാത്തവിധം,,,,,,,,,ക്ലാസ് തുടങ്ങും വരെ അവൾ വന്നില്ല. അന്നേദിവസം പലവട്ടം ഞാൻ അവളെ തിരക്കി അവൾ വന്നിട്ടില്ല. പിന്നീട് പലപ്പോഴും പല ദിവസങ്ങളിലും ഞാൻ റം‌ലയെ തിരക്കി. ഒരു വാക്ക് ക്ഷമ…. അത് ചോദിച്ച് എല്ലാം തുറന്ന് പറയണം….

                              പക്ഷേ മൂന്ന് മാസമായിട്ടും അവൾ എത്തിയില്ല. എന്റെ കാത്തിരുപ്പ് അവൾക്ക് വേണ്ടി മാത്രം . ഇക്കാ ചിലപ്പോഴൊക്കെ അവളെക്കുറിച്ച് എന്നോട് ചോദിച്ചിരുന്നു…അതിലും എത്രയോ പ്രാവശ്യം ഞാൻ ഇക്കയോട് അവളേപ്പറ്റി ചോദിച്ചിട്ടുണ്ട്. ഒരുദിവസം ഞാൻ വല്ലാതെ വിഷമിച്ചു. ഇക്ക മറ്റൊരു ക്രിസ്ത്യാനി പെൺകുട്ടിയുമായി ബൈക്കിൽ പോകുന്നു. 

                 എനിക്ക്  അവനോട് വെറുപ്പ് തോന്നി. പ്രാണനായിരുന്നെന്ന് പറഞ്ഞ് പെൺകുട്ടിയെ ചതിച്ച ദുഷ്ടൻ.   ഞാൻ അവനെ തടഞ്ഞുനിർത്തി ഒച്ചവെച്ചു. ബൈക്കിനുപിന്നിലിരുന്ന പെൺകുട്ടി അതൊന്നും ശ്രദ്ധിച്ചതേയില്ല. അവർ അവിടെ ഇറങ്ങി ഒരു പാർലറിൽ കയറി ഐസ്ക്രീം കുടിക്കുന്നത് ഞാൻ നിസ്സഹായനായിനോക്കിനിന്നു. ഞാൻ സ്വയം പറഞ്ഞു. “എന്തായാലും നിന്നേക്കാൾ സ്നേഹം എനിക്ക് റം‌ലയോട് ഉണ്ടായിരുന്നു“

                           എല്ലാവരും പരീക്ഷയുടെ ചൂടിലാണ് . ഹാജരില്ലാത്തതിനാൽ യൂണിവേഴ്സിറ്റിയിയിൽ ഫീസ് അടക്കുവാനുള്ള അവസാന തീയതി വന്നെത്തി… അപ്പോഴും ഞാൻ അവളെ കാത്ത് നിന്നു. അവൾ വന്നില്ല. പഠനം നിർത്തി, ഞാൻ ഇനി ഒരിക്കലും അവളെ കാണാനാകാതെ വിഷമിച്ച് പറ്റിയിറങ്ങി. ലവേഴ്സ് കോറ്ണറിലേക്ക് ഇനി ഒരിക്കലും കയറാതെ.. ഇനിയാർക്കും ഒരു പ്രേമലേഖനം പോലും എഴുതി നൽകാതെ… ഒരിക്കൽ‌പ്പോലും എനിക്കായി ഒരു കുറിപ്പ് എഴുതി നൽകുവാനാകാതെ… കാണുമ്പോൽ നൽകുനാനായി ഞാൻ എന്റ്റെ ജീവിതത്തിൽ എഴുതിയതിൽ‌വച്ച് എറ്റവും നല്ല കത്തുമായി കലങ്ങി മറിഞ്ഞ കണ്ണുകളുമായി പടിയിങ്ങുന്നു.

                                 ഒരാൾ നിഴലുപോലെ പതിയ്യെ …രണ്ടാം നിലയിലൂടെ നീങ്ങുന്നു…അതേ അവൾതന്നെ……അവളുടെ നിഴലുപോലും എനിക്ക് തിരികറിയുവാനാകും …ന്റെ റം‌ല… ഞാൻ ഓടി അടുത്തെത്തി..അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വെളുത്തനിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഞാൻ ഓടി മുൻപിലെത്തി. അവൾ ഞാൻ പറയാതെ തന്നെ നിന്നു… എനിക്ക് അളവില്ലാത്ത സന്തോഷം ..ഞാൻ സ്നേഹത്തോടെ വിളിച്ചു      ,         റം‌ലാ

                                           ഞെട്ടിത്തെറിച്ച് ഞാൻ പിന്നോട്ട് പോയി… ഭയന്ന് ഓടിപ്പോകുവാൻ തോന്നി. വെറുപ്പ് തോന്നി………ഇത് ന്റെ റം‌ല അല്ലായിരുന്നൊ….ഞാൻ അവളേ നോക്കിനിൽക്കുമ്പോൾ നിരങ്ങി നീങ്ങുന്നതുപോലെ എന്റെ മുന്നിലൂടെ അവൾ നടന്നുനീങ്ങുന്നുണ്ടായിരുന്നു.


                                     ഞാൻ ഇക്കാനെ ക്കണ്ടു. “ന്താടാ അവക്ക്..നീ യെന്താ പറയാഞ്ഞത്……“ ഇക്കാ പറഞ്ഞു…“ടാ..നീ എന്റെ എറ്റവും അടുത്ത സുഹൃത്തല്ലേ..അവൾക്ക് നിന്നേയായിരുന്നു ഇഷ്ടം..അത് എന്നോട് പറഞ്ഞു…ഞാൻ പറഞ്ഞിട്ടാ അവൾ ആ കത്ത് നിന്നേ ഏൽ‌പ്പിച്ചത്…പിന്നേ അവൾക്ക് പറ്റിയത് നിന്നെ അറിയിച്ചാൽ നീ തകർന്ന്പോകും എന്ന് തോന്നി “.

                                 ഞാൻ ദേഷ്യത്തോടെ അവനെ ഉറ്റു നോക്കി…“എന്നാലും ഇനി നീ പറാ..എന്താ ന്റെ റം‌ലക്ക്……….അവൾക്കെന്തുപറ്റി“ . എന്നെ കണ്ട് പിരിഞ്ഞ അവസാന ദിവസം. വീട്ടിൽ ചേച്ചിയെ പെണ്ണുകാണാൻ വരുന്നതിന് തലേന്ന് രാത്രിയിലുള്ള ഒരുക്കം. പലഹാരങ്ങൾ പലതാണ്. റം‌ലക്ക് അതിൽ ഒരു പ്രത്യേക കൈപ്പുണ്യമായിരുന്നു. 

                     തിളച്ച എണ്ണയിൽനിന്ന് പലഹാരങ്ങൾ കോരിക്കോരിയിടുന്നു. കയ്യിലെ ചട്ടുകം താഴേക്ക് വീണു. ഉമ്മാ കണ്ടാ‍ൽ ചീത്ത പറഞ്ഞതുതന്നെ. അവൾ അതിവേഗം  കുനിഞ്ഞ് ചട്ടുകം എടുത്ത് നിവർന്നതും പിന്നിലെ കൈകൾ തട്ടി ചട്ടിയിലെ എണ്ണയത്രയും ശിരസ്സിലൂടെ,മുഖത്തിലൂടെ,കഴുത്തിലൂടെ ഒഴുകി. ആളുകൾ അലമുടയിട്ടു കരഞ്ഞു.

                                     അടുത്ത വീടായിരുന്നു ഇക്കാന്റേത്. അവൻ ഓടിച്ചെന്നു. കഴിഞ്ഞ മൂന്ന് മാസമായി മെഡിക്കൽകോളേജിലായിരുന്നു. ഇപ്പോ പരീക്ഷയെഴുതാൻ ഒരു മോഹം… ഈ അവസാന ദിവസം എന്റെ മുൻപിൽ… തമ്പുരാ‍നേ…എന്നേക്കാണുവാനായിരുന്നോ,,,? ഈശ്വരാന്റെ റം-ലാ‍ാ
അവളുടെ രൂപം …….
                                      .ഒരുവശം ജീർണ്ണിച്ച് അഴുകി, …….എവിടെനിന്നോ ചെത്തിയെടുത്ത് ഒട്ടിച്ചു ചേർത്ത തൊലി…..പൊരുത്തപ്പെടാതെ  ചുവന്ന് മഞ്ഞച്ച്…….ആഴത്തിലെ പൊള്ളലുകളിലൂടെ ശ്വാസം വലിക്കുമ്പോൾ ഞരമ്പുകൾ പിടക്കുന്നത് കാണാം…….ഹോ‍.............. അവൾ ഈ നിലയിൽ എന്റെ മുന്നിൽ..... … ..മൂന്ന് മാസത്തിന് ശേഷം…. എന്നേക്കാണാനായിരുന്നോ…?......ന്റെ റം‌ലാ‍....ൻ... ന്റെ റം‌ലാ

ആരോടും സാദൃശ്യമില്ലാതെ  , യാദൃശ്ചികമായി 

എഴുതിയ ബ്ലോഗ് അവൾ കണ്ടാൽ……അവൾ 

ജീവിച്ചിരിപ്പുണ്ടെങ്കിൽ……..എന്റെ മനസ്സിൽ 

ഒരിക്കലും പറയുവാൻ കഴിയാതെ പോയ 

ഒരുപാട് സ്നേഹം അറിയിക്കട്ടെ…….അവൾ 

തികച്ചും എന്റേതാണ്…..എന്റെ മാത്രം ..ന്റെ 

റം‌ല…..ന്റെ മാത്രം റം‌ല
 .
                                                                                  







































No comments:

Post a Comment