വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Wednesday, February 27, 2013

പോസ്റ്റ്മോർട്ടം





തത്സമയം ഒരു പോസ്റ്റ്മോർട്ടം






മച്ചിലെ ശീലാന്തിയിൽ പിഞ്ചിമുറിഞ്ഞ്


ഒരു കയർ തൂങ്ങിനിൽക്കുന്നു,


മരിച്ച് മരവിച്ച ശരീരം


പുതച്ച് നിലത്ത്കിടക്കുന്നു,


ആയിരം കണ്ണുകൾ ജനാലയിലൂടെ 

എത്തിനോക്കുന്നു,


ഈച്ചകൾ നാസാരന്ധ്രത്തിലൂടെ 

കയറിയിറങ്ങുന്നു,


വിടർന്നകണ്ണുകളിലേക്ക് നേക്കി ഒരാൾ ചോദിച്ചു


ബീഡിയുണ്ടോ സഖാവേ ഒരു 

തീപ്പട്ടിയെടുക്കുവാൻ.


ചോരപറ്റിയ ചിലരുടെ കാൽ‌പ്പാടുകൾ


മുറിയിലൂടെ അകത്തേക്കും പുറത്തേക്കും,


കീറിമുറിച്ച് കൊടുത്ത 


കരിന്തുണിക്കഷണങ്ങളിലൂടെ


മുഖംതാഴ്ത്തിനിന്ന് സമകാലീകർ,


ചുവന്ന കണ്ണുള്ള വണ്ടിയിലേക്ക്


പായയിൽ‌ പൊതിഞ്ഞുകെട്ടിയ ശരീരം,


വേർപാടിന്റെ അവസാന നിമിഷങ്ങളിൽ 


ഒന്നും പറയാതെ ദേഹം പുറത്തേക്ക്,


ശരീരം തിരികെയെത്തും‌മുൻപ്


ആള്‍ക്കൂട്ടം പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.



കറുത്തപുകചുറ്റുപാടും നിറഞ്ഞു,


നാറിത്തുടങ്ങിയ ജീവിതത്തിനുചുറ്റും


മൂക്കുപൊത്തി ചിലർ മരണം കാത്ത്,


കല്ലറകളിലെ വിടവുകളിലൂടെ


ആത്മാക്കൾ ജീവിക്കുന്നവരുടെചോരവലിക്കുന്നു, 

                         

ദാഹപരവശരായി ജീവിക്കുന്നവരുടെ 

                                          തേങ്ങലുകൾ


മൺകലങ്ങളിൽ പട്ടിൽ പൊതിഞ്ഞ് 

                                 സൂക്ഷിക്കുന്നു.



കുട്ടികൾ മുണ്ടിൻതലപ്പത്തുതൂങ്ങി


വിശക്കുന്നതായി പലരോടും പറഞ്ഞു,


വെളുക്കുംവരെ വിഴുപ്പലക്കുകയായിരുന്നു 

                                                           പലരും,


ഒടുവിൽ റിപ്പോർട്ട് വന്നു,


അയാള്‍  മരിച്ചിട്ടില്ല,


പോസ്റ്റ്മോർട്ടം നടത്തിയവർ


റിപ്പോർട്ട് വ്യാജമെന്നുപറഞ്ഞു.


Saturday, February 23, 2013

നിമിഷം

നിമിഷം





എന്റെ സ്വന്തമല്ലാത്ത നിമിഷങ്ങളിലൂടെ,

ഏറെനേരം ഞാൻ സഞ്ചരിച്ചു.


തനിച്ചായിരുന്നതുകൊണ്ടാവാം,

അവളും കൂടെ ഉണ്ടായിരുന്നു,

എങ്ങോപോകേണ്ട ഇരുവരും ഒന്നും പറഞ്ഞില്ല,

പാതിവഴിയേ പിരിയുവാനും കഴിഞ്ഞില്ല.

ഒറ്റപ്പെടൽ ഭയാനകമായേക്കാമെന്ന് എനിക്ക് അറിയാം

സൌഹൃദം സമർപ്പണമായേക്കാം എന്ന് അവൾക്കും.

ഏറെനേരം പിന്നിലും ചിലനേരങ്ങളിൽ ഒരുമിച്ചും

ചിന്തകളുടെ സമാന്തരമായി ഞങ്ങൾ നടന്നു.

മുടിയിഴകൾ പാറിയ മുഖവും,വിടർന്നകണ്ണുകളും,

എന്റെ നഖങ്ങൾകൊണ്ട് പോറലേൽക്കുന്നതായി അവൾ അറിഞ്ഞു.

ഭയപ്പാടിന്റെ വറുതിയിൽ അനുവാദംകേൾക്കാതെ,

തോൾചേർന്ന് ഇരുട്ടിലൂടേ സഞ്ചരിച്ചു.

കൈകൾകൊരുത്തുറ്റുനോക്കി അവളെന്നെ വിളിച്ചു,

ചുവന്നകണ്ണുകളിലെ ചലനങ്ങൾ അവളെ പ്രകോപിപ്പിച്ചു

നിർലജ്ജമായികൊടുംതണുപ്പിൽ-

സൌഹൃദങ്ങൾ കോരിത്തരിച്ചു

ചെറുകാറ്റിൽ ഇലകൾ പൊഴിയുന്നു,

ശരീരത്തിലൂടെ കാത്തിരിപ്പ് പിടയ്ക്കുന്നു.

നിശ്ശബ്ദതയുടെ നിലാവെളിച്ചമേറ്റ്,

സർപ്പക്കാവുകളിൽ വിളക്കുകൾ പൊലിഞ്ഞു.

മിന്നൽ‌വെളിച്ചത്തിലൂടെ വൈകല്ല്യത്തിന്റെ-

സർപ്പരൂപമുള്ളനിഴലുകൾ ആടി.

നിത്യഹരിതമായ അനുഭൂതിയുടെ താഴ്വാരത്തിലൂടെ,

ഒരുമിഷംവന്നുസ്പർശിച്ചുപോയി.

കോരിത്തരിപ്പിന്റെ മൂർദ്ധന്യത്തിൽ ശൂന്യതയിലേക്ക്-

സ്വകാര്യതയുടെ സങ്കോചങ്ങൾ ചേക്കേറിയിരുന്നു.

രാത്രിമഴകനക്കുംമുന്നേ ആശങ്കയുടെ കൊടുങ്കാറ്റുവീശി,

ഒരുനിമിഷത്തിനെ ഓർമ്മകളിലൂടെ-

അവളെന്നെത്തിരഞ്ഞ് കൈകൾനീട്ടി,

ചിറകടിഒച്ചകേട്ട് യാത്രതീരുംവരെ ഞാനും.

പകരമില്ലാത്ത പരിചയങ്ങൾക്ക്

പറയാനുള്ളത് ഒരു നിമിഷം മാത്രം.

Wednesday, February 20, 2013

കലണ്ടർ


        കലണ്ടർ

                      ഒരു ദിവസം രാത്രി എന്റെ സ്വപ്നത്തിലേക്ക് ഒരു കേരളസർക്കാർ കലണ്ടർ പറന്നുവന്ന് വീണു. ഞാൻ അതെടുത്ത് എനിക്ക് കാണാവുന്ന വിധം തൂക്കിയിടുവാൻ ശ്രമിച്ചു. സാധാരണ കാണുന്ന അക്ഷരങ്ങൾ ആരോ എടുത്ത് മാറ്റിവച്ചിരിക്കുന്നതുപോലെ. ചില അക്ഷരങ്ങൾ ഗാഢനിദ്രയിൽ ഞാൻ ഉറങ്ങുന്നതുപോലെ നീളത്തിലും കുറുകേയും വീണുകിടക്കുന്നു.
                           ഇന്നലെ ഞായറാഴ്ച്ചയിലെ ചുവന്ന അക്കങ്ങൾ തിങ്കളാഴ്ച്ചയിലെ കറുപ്പ് ആയിരിക്കുന്നു. ഇന്ന് ഉറങ്ങിയപ്പോൾ 19ആം തീയതി ആയിരുന്നെന്നുറപ്പ്. പഷേ പിന്നോട്ട് മറിച്ചപ്പോൾ ഇന്നലെ 7 ആയിരിക്കുന്നു. ആരും തിരുത്തിയതായി തോനുന്നില്ല.
                                 പ്രത്യേക ദിവസങ്ങൾ സൂചിപ്പിക്കുവാൻ സ്വീകരിച്ചിരുന്ന ചുവന്ന അക്കങ്ങളും അക്ഷരങ്ങളും വെള്ള നിറത്തിൽ. പലതും പതിവു കോളങ്ങളിൽനിന്ന് മാറി പുതിയ സ്ഥാനം തേടിയിരിക്കുന്നു. വല്ലാത്ത ഉറക്കക്ഷീണത്തിൽ ഞാൻ വീണ്ടും വഴിമാറിപ്പോയ അക്ഷരങ്ങളേപ്പോലെ നിലവിട്ട് ഉറങ്ങി.

                           എന്താണ് ഇന്നലെകളിൽ ഞങ്ങളോട് നിങ്ങൾ ചെയ്തത്. ചരിത്രത്തിലെ കൊടും ക്രൂരതകളൂം, മഹാന്മാരുടെ ജന്മദിവസങ്ങളും, എല്ലാവരും ആഹ്ലാദിക്കുന്ന പൊതു അവധികൾക്കും ഞാൻ അറിഞ്ഞനാൾമുതൽ ഒരേ നിറം. കലണ്ടറിനെപ്പഴിച്ചിട്ട് കാര്യമില്ല. ഒരുമാറ്റം അനിവാര്യമാണല്ലോ.

              ചുവപ്പ് ചുവപ്പാണെന്നും,കറുപ്പും,നീലയുമൊക്കെ അത് മാത്രമാണ് എന്നും ആരാണ് പറഞ്ഞത് . പല അക്ഷരങ്ങളും എന്നേ  ചോദ്യം ചെയ്തു. പൂജ്യം എന്റെ നേർക്ക് വന്ന് അലപ്പം കയർത്ത് സംസാരിച്ചു. ഇത് രാത്രിയും അത പകലും ,രാത്രി ഇരുട്ടീട്ടും, പകൽ വെളുത്തിട്ടും ആണെന്ന് ആരാണ് പറഞ്ഞത്. എനിക്ക് ഉത്തരം‌മുട്ടിപ്പോയി. ഒൻപതാമൻ വന്നുപറഞ്ഞു ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്.

                             അവർ പറയുന്നതിൽ കാര്യമുണ്ടോ?. നമ്മുടെ കാഴ്ച്ചകൾ പകലാണോ , അതോ രാതിയിലോ? പാലിന്റെ നിറം വെളുപ്പോ, അതോ ചുവപ്പോ? റോസാപ്പൂക്കൾ കറുത്തല്ലേ കാണുന്നത്?, സൂര്യന്റെ നിറം നീലയല്ലെങ്കിൽ സമുദ്രം എങ്ങിനെ നീലയാകും?.

                        ഇനി ഒരു ചോദ്യം കാഴ്ച്ചയുള്ളവരല്ലേ കാണുന്നത്. കാഴ്ച്ചയില്ലാത്തവർക്ക് നിറങ്ങളും അക്കങ്ങളും അക്ഷരങ്ങളൂം ഉണ്ടോ….?അവരുടെ സോഷ്യലിസത്തിൽ പൂക്കൾക്ക് നിറങ്ങളുണ്ടോ?.നിങ്ങൾ കാഴ്ച്ച ഉള്ളവർ അവരേയും വഞ്ചിക്കരുത്.

                                  എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ദേഹമാസകലം അക്കങ്ങളും അക്ഷരങ്ങളും വീണ് കിടക്കുന്നു. ചിലതെല്ലാം ദേഹത്ത് വല്ലാതെ ഉരയുന്നു. അവർക്ക് നിറം മാറണം. ചിലർക്ക് ആകൃതി മാറണം. ഞാനെന്ത് ചെയ്യും?.എല്ലാം കാണുന്നവൻ സാക്ഷി!,എല്ലാം അറിയുന്നവൻ സക്ഷി.!

                        എനിക്ക് 9 ആകണ്ട , ഇനി 15  ആയാൽ മതി!. പെട്ടെന്ന് ഒരാൾ ആക്രോശിച്ച് ഓടിയടുത്തു. എന്നേ നിർബന്ധമായും ഒന്നുമാറ്റണം എനിക്ക് 1 ആയാൽ മതി.13 ന്റേതാണ് പ്രതികരണം. ആർക്കും വേണ്ടാത്ത ശാപം പേറുന്ന ദുശ്ശകുനമായി ഇനി ജീവിക്കാനില്ല. എനിക്ക് ശരിക്കും സങ്കടം തോന്നി. എന്തേ എല്ലാവരും എപ്പോഴും 7ഉം 9ഉം ഒക്കെ ആയി കാലം കഴിക്കുന്നു. എത്രപേർ മരിക്കുന്നു, എത്രപേർ ജനിക്കുന്നു എന്നാലും അവർപറയുന്നത് ശരിയല്ലേ . അവർ മാത്രമെന്തേ ഇങ്ങനെ.

              എന്തായാലും ഞാൻ ഒന്ന് തീരുമാനിച്ചു. ഇപ്പോൾ രാത്രിയല്ല,പകലാണ്!.വെളിച്ചത്തിലാണ് നാം ഭയക്കുന്നത്!. ചുവപ്പ് –വെള്ളയും!, നീലയും മഞ്ഞയും കറുപ്പും -ചുവപ്പുമായി കരുതി!. പിന്നെ അക്ഷരങ്ങളും അക്കങ്ങളും അവർ മാറിയിരുന്നതനുസരിച്ച് അവരെ വിളിക്കുവാൻ തീരുമാനിച്ചു.
                               കറുത്തബോർഡിലെ വെളുത്ത അക്ഷരങ്ങളുടെ കാലം കഴിഞ്ഞു. ഇനി അക്ഷരങ്ങളും നിറങ്ങളും പറയുന്നതനുസരിച്ച് നാം ലോകത്തെ കാണണം. കാഴ്ച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. കാഴ്ച്ചകൾ ആരേയും നിയന്ത്രിക്കുകയോ അടിമപ്പെടുത്തുകയോ ചെയ്യരുത്.

                          പക്ഷേ ചില അക്ഷരങ്ങൾ ഞാൻ വീണ്ടും സ്ഥലകാലബോധമില്ലാതെ ഉറങ്ങുമ്പോൾ അരികത്തെത്തി ചോദിച്ചു. മനുഷ്യർക്ക് മരണമില്ലേ?. നിങ്ങൾ ജീവിക്കുന്നുവോ? അതോ മരിച്ചുകഴിഞ്ഞുവോ?. നിങ്ങൾ ഇപ്പോൾ വർത്തമാനത്തിലോ , ഭൂതത്തിലോ, അതോ ഭാവിയിലോ?……..

                 ഞാൻ മറുപടി പറഞ്ഞു..ജീവിച്ച് മരിക്കുന്നു, മരിച്ച് ജീവിക്കുന്നു. ഒന്നോർത്താൽ മരണം ബുർബ്ബലം, ജീവിതം സാഹസീകം!. ഇത് അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമാകില്ലല്ലോ. നേരം വെളുത്തു . നടക്കുവാൻ പോയകൂട്ടത്തിൽ ഒരു ചായക്ക് പറഞ്ഞു. പിന്നെ ഏറ്റവും കൂടുതൽ കളറുള്ള ഒരു സ്കെച്ച് പേനയുടെ പാക്കറ്റും. എല്ലാവരും ചിരിച്ചു .കാലിച്ചായയും പിന്നെ സ്കെച്ച് പേനകളും.
                       വീട്ടിലെ മറ്റുള്ളവർ എഴുന്നേൽക്കും മുൻപ് എല്ലാകലണ്ടറുകളും, അതിലേ അക്ഷരങ്ങളും, അവയുടെ നിറങ്ങളും ഞാൻ തിരുത്തി. വീണ്ടും അൽ‌പ്പമൊന്ന് മയങ്ങുവാൻ തീരുമാനിച്ചു.

          മങ്ങിയ എന്റെ ഓർമ്മകളിലേക്ക് അക്കങ്ങളുടേയും അക്ഷരങ്ങളുടേയും , നിറങ്ങളുടേയും ആഹ്ലാദത്തിന്റെ, ആനന്ദനൃത്തത്തിന്റെ നിമിഷങ്ങളായിരുന്നു. മറുഭാഗത്ത് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ഉണ്ടാകുവാനിരിക്കുന്ന  കോലാഹലങ്ങളും. പാരമ്പര്യവാദികൾ ഒന്നും അംഗീകരിക്കില്ല . പക്ഷേ പുതിയ തലമുറയിൽ എനിക്ക് പ്രതീക്ഷകൾ മാത്രം.

 

 

പ്രേരകമായ അനുഭവം

(പക്ഷേ കലണ്ടർ അത് സർക്കാർ കലണ്ടർതന്നെ . സർക്കാറിന്റെ ഡയറിയിലും ,കലണ്ടറിലും ഇതല്ലാ ഇതിനപ്പുറം സംഭവിക്കും എന്ന് ഏത് മലയാളിക്കും അറിയാവുന്നതല്ലേ.)

Saturday, February 16, 2013

കൊല്ലം കണ്ടവന് ഇല്ലം വേണ്ട ! ?


കൊല്ലം കണ്ടവന് ഇല്ലം വേണ്ട!?

                            ഇതുപോലെ, ഒരു വേനൽമഴപോലും കിട്ടാതെ വറുതിയിലാണ്ട ഒരു ഫിബ്രവരി. എറണാകുളത്ത് മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി ജോലിനോക്കുന്ന കാലം. കമ്പനിയുടെ ചിലവിൽ ധൂർത്തടിച്ച് അലസമായ ജീവിതം. പലരും അസ്സാന്മാർഗീക ജീവിതത്തിൽ മുങ്ങിത്താഴുന്നു. എനിക്ക് മടുത്തു. ഈ ജോലിക്ക് പകരം ഒന്ന് ലഭിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചു. ഒരുനാൾ ശ‌മ്പളസിവസം കഴിഞ്ഞ്  വൈകി  ഒരു രെജിസ്ട്രേഡ് വന്നു. ഉടൻ കമ്പനിയിൽ ഹാജരായപ്പോൾ ട്രാൻസ്ഫർ ഓർഡറാണ് ലഭിച്ചത്.
                                     ശമ്പളമില്ലാതെ വീട്ടിൽ ഇരിക്കുവാൻ വയ്യ. പഠിച്ച വകയിൽ ഇനിയും വീട്ടാക്കടങ്ങളുണ്ട്. അങ്ങനെ ഒരുരാത്രി കൊല്ലത്തേക്ക് യാത്രതിരിച്ചു . രാത്രിയിലെ യാത്ര എനിക്ക് ഇഷ്ടമായിരുന്നു. കമ്പനിതന്നെ ഒരു ലോഡ്ജ് തരപ്പെടുത്തിയിരുന്നു. മാനേജർ ഒരു ചെറുപ്പക്കാരൻ. കലേശൻ എന്നേക്കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ബസ്സിറങ്ങി മൊബൈലിൽ ഒന്ന് ഡയൽചെയ്തു. തൊട്ടടുത്ത് നിന്ന ഞങ്ങൾ പരസ്പരം ചിരിച്ചുകൊണ്ട് പരിചയപ്പെട്ടു. എന്നാൽ ഒരു ചായകുടിക്കാമെന്നായി. കൂട്ടത്തിൻ ഉടമസ്ഥനെ പരിചയപ്പെടുത്തി. ഒരു അക്കൌണ്ടും തുടങ്ങി.
                                    ഒരു പരമ വെജിറ്റേറിയൻ ആണ് എന്നറിഞ്ഞപ്പോൾ അയ്യാൾക്ക് പുച്ഛം തോന്നി. “ഒരുവഷളൻ ചായ” മുന്നിലേക്ക് എറിഞ്ഞിട്ടു. “ഇവിടുത്തെ ഏറ്റവും നല്ല കടയാണ്” കലേശൻ കൂട്ടിച്ചേർത്തു. ഞാൻ റൂമിലെത്തി . അവിടം മുൻപ് താമസിസിരുന്ന റെപ്രസെന്റേറ്റീവിന്റെ സിനിമാവാരികകളും , അശ്ലീല പുസ്തകങ്ങളും കൊണ്ട് അലങ്കോലമായിരുന്നു.  കലേശൻ വന്ന് എല്ലാം പെറുക്കിയെടുത്ത് വൃത്തിയാക്കിത്തന്നു. പിന്നെ കുറെ കാലിക്കുപ്പികൾ. “സാർ എങ്ങിനെ സഹകരിക്കുമല്ലോ അല്ലേ“കലേശൻ ആരാഞ്ഞു. ഞാൻ ചിരിച്ചു പറഞ്ഞു. “ഇല്ല ,ഇതേവരെ ഉണ്ടായിട്ടില്ല” . ഞങ്ങൾ കഴിക്കുന്നതിൽ വിരോധമുണ്ടോ.“ ഇല്ല”. സ്വർണ്ണ നിറമുള്ള വലിയ ഇതളുകളുള്ള ഒരുജാതി മരമുണ്ട് ലോഡ്ജിന്റെ മുറ്റത്തായി.വളരെ ശാന്തമായ വാസസ്ഥലം.
                             ഞാൻ മുറിയിൽ അടുത്ത ദിവത്തെ പ്ലാൻ തയ്യാറാക്കുമ്പോൾ പഴയ സിമിമാഗാനങ്ങളിലൂയ്ടെ അവർ ബഹുബൂരം സഞ്ചരിച്ചിരുന്നു. അകത്തിരുന്ന് ഏറെ ആസ്വദിച്ചു. എല്ലാം മറന്ന് അവർ ജീവിതം ആസ്വദിക്കുന്നു. “കഴിവുകെട്ടവൻ” ഞാ‍ൻ എന്നെ പഴിച്ചു. അവസാനം സങ്കോചം വെടിഞ്ഞ് അവരുടെ അടുത്തേക്ക് ചെന്നു. ഒരാൾ ഒരു പകുതിനിറഞ്ഞ ഗ്ലാസ്സ് നീട്ടി. കലേശൻ പറഞ്ഞു “സാർ ഒരു സ്വാമിയാ” . അവർ പൊട്ടിച്ചിരിച്ചു . അവരുടെ എന്തോ കോഡായിരുന്നിരിക്കാം. എന്നാൽ പാട്ട് പാടാനായി നിർബന്ധം. ഞാൻ അങ്ങനെ നാടൻ പാട്ടിലൂടെ ചങ്ങാത്തം തുടങ്ങി . പിന്നെ പാതിരാ ഒത്തുകൂടലിലൂടെ സൌഹൃദം വളർന്നു
                                പതിവില്ലാതെ ഒരുനേരം ഉച്ചക്ക് ഞാൻ മുറിയിലെത്തി. മുറി തുറന്നിരിക്കുന്നു. തെല്ലൊന്നമ്പരന്നു. കലേശൻ അകത്തിരുന്ന് ജനാലയിലൂടെ ആരെയോനോക്കി സല്ലപിക്കുന്നു. ഞാൻ പരിസത്തിലൂടെ കണ്ണൂകൾ പരതി. ഏകദേശം മുപ്പത്തഞ്ച് വരുന്ന ഒരു സ്ത്രീ അലക്കിയ തുണികൾ നീട്ടി വിരിക്കുന്നു. കലേശന്റെ ജീവിതതിലെ ദിനചര്യകളിൽ ഒന്നാണ് ഈ എപ്പിസോഡെന്ന് എനിക്ക് മനസ്സിലായി. അവന് ഒരു ചമ്മലുമില്ല. മുറിപൂട്ടാതെ പുറത്തിറങ്ങിത്തന്നു .“ഇവിടെ ഞങ്ങൾ ഇങ്ങിനെയൊക്കെയാണ്” അവൻ പറഞ്ഞു.
                               അയാൾ തിരികെവന്ന് എനിക്ക് ഒരു വെളുത്ത ജുബ്ബാ തന്നു. “സാർ ഇത് നന്നായിരിക്കും. വേഗം വാ നമുക്ക് ഒരിടം വരെപ്പോകണം” . ജുബ്ബക്കുള്ളിൽ കയറി ഞാനും അവനും നടന്നു. കലേശന്റെ പെണ്ണിനെ കാണാനായിരുന്നു യാത്ര. അവളും അനുജത്തിയും, തുണി അലക്കി വിരിക്കുന്നതായിക്കണ്ട ആ സ്ത്രീയും മെല്ലെ വരുന്നു. ഞാൻ ഉള്ളാലെ ചിരിച്ചു.
                           അവന്റെ അക്കാ….. ഒകെ. അവർ കലേശനോട് ചോദിച്ചു “ ഇതാരാ പാർട്ടി” . വളരെ പ്രൌഢയായിരുന്നു അവർ . ആഭരണ വിഭൂഷിതയും.കലേശൻ പറഞ്ഞു “ഇത് നമ്മുടെ പാ‍ട്ടു പാടുന്ന സാറ്‌ .കവിയാണ്” . പെൺകുട്ടികളിൽ മൂത്തവൾ ശിരസ്സുയർത്തി എന്നേനോക്കി. കലേശന് വൈകിട്ട് ചിലവ് ചെയ്യണം. അവനും സമ്മതിച്ചു. ഞാൻ ചോദിച്ചു “അക്കന്റെ ഗാർഡ് എവിടെ”. “അങ്ങ് കാശ്മീരിൽ.പട്ടാളക്കരനാ. പാവം ചേച്ചിയ്ക്ക് ആരും സഹായത്തിനില്ല. രണ്ട് പെണമക്കളാണ്”. കലേശന്റെ ദുഖം എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
                                     നേരം വളരെ വൈകിയതിനാൽ നാളെ ഉച്ചക്ക് ആഹാ‍രം ഒന്ന്‌ റിച്ചായി കഴിക്കാമെന്ന് തീരുമാനിച്ചു. പതിവ് കലാപരിപാടികളിലൂടെ ആദിവസം അവസാനിച്ചു. ഏകദേശം രണ്ടുമണിയോടെയാണ് പുലർച്ചേ തിരിച്ച യാത്ര അവസാനിച്ച് തിരികെ വന്നെത്തിയത്. കലേശൻ കാത്തിരിക്കുകയായിരുന്നു. ഞാൻ പറഞ്ഞു ഇന്ന് ശാപ്പാട് അവിടുന്നു വേണ്ട. നമുക്ക് കൊല്ലം ബീച്ചിനടുത്തുള്ള സ്റ്റാർ ഹോട്ടലിലാകാം. അവൻ ഒരു നൂറു കുറ്റങ്ങൾ പറഞ്ഞ് എന്നേ പിന്തിരിപ്പിച്ചു.
                         അവസാനം അതേ ഹോട്ടലിൽ എത്തി. തിരക്കൊഴിഞ്ഞിരുന്നു. എന്ത് വേണമെകിലും കഴിക്കാം എന്ന് ഞാൻ നിർദ്ദേശിവ്ച്ചു. പക്ഷേ ഞാൻ വെജിറ്റേറിയനായതിനാൽ ഞങ്ങൾ ഊണ് പറഞ്ഞു. ഒരാൾ അടുത്തിരുന്ന് എല്ല് കടിച്ച് പറിക്കുന്നത് കണ്ടാൽ ചിലപ്പോൾ ഛർദ്ദിതോന്നും . വാസ്തവമാ‍ണ് .                        
                              ചോറ്‌ വിള‌മ്പി.  കലേശൻ പറഞ്ഞു  “നല്ല ചോർ“. ഞാൻ പറഞ്ഞു “കൊള്ളാം”. സാ‌മ്പാർ കഴിച്ച് കലേശൻ പറഞ്ഞു. “കിടിലൻ“. ഞാൻ അവൻ പറഞ്ഞതനുസരിച്ച് നിറയേ ഒഴിച്ച് ശാപ്പാട് തുടങ്ങി. കലേശൻ സപ്ലേയറോട് ചോദിച്ചു. “അവിയൽ ഇല്ലേ…“. അയാൾ വലിയ ആത്മാർത്ഥതയോടെ ക്ഷമ ചോദിച്ചുകൊണ്ട് രണ്ടാൾക്കും ഒരുപാട് വിളമ്പി. എനിക്ക് ഇവിടുത്തെ അവിയലെന്നുവച്ചാ‍ൽ ജീവനാന്. അതുവഴിവന്ന മാനേജർ അഭിമാനത്തോടെ കലേശന്റെ തോളിൽ തട്ടി .
                        ഞാനും അങ്ങനെ അവിയൽ കഴിച്ചു തുടങ്ങി . “കൊള്ളാം ഇഷ്ടം‌പോലെ തേങ്ങയും, കറിവേപ്പിലയും ഒക്കെ ചേർത്ത രസികൻ തന്നെ” . ഞാൻ കലേശനെ ഈ ഹോട്ടൽ തന്നെ തിരഞ്ഞെടുത്തതിൻ` അഭിനന്ദിച്ചു. അങ്ങനെ നർമ്മ സല്ലാപങ്ങളിലൂടെ ആസ്വദിച്ച് ഒരു ഉച്ചഭക്ഷണം ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.
                                  കലേശൻ പറഞ്ഞു “സ്വാമി പറഞ്ഞത് ശരിയാ. ഇതിൽ ധാരാളം കറിവേപ്പില ചേർത്തിട്ടുണ്ട്. അതാണ് ഇത്ര സ്വാദ്”. കലേശൻ ഓരോ മുരിങ്ങാക്കായയും ഈമ്പിവലിച്ച് ടേസ്റ്റ് ആസ്വദിക്കുന്നു. കറിവേപ്പിലയും. എല്ലാം വലിച്ച് എടുത്തശേഷം കളഞ്ഞു. “ഇതാണ് കറിവേപ്പില. ആവശ്യം കഴിഞ്ഞാൽ പിന്നെ പുറത്ത്” അവൻ പറയുന്നതിൽ വാസ്തവമുണ്ടെന്ന് തോന്നി .
                                  ഞാൻ എന്തോ ശങ്കിച്ച് കലേശന്റെ കൈകളിലേക്ക് നോക്കി. ഒരു പകുതി മുറിഞ്ഞ പാറ്റയായിരുന്നു അവന്റെ കൈയ്യിൽ. എനിക്ക് മനംപുരട്ടി ഓക്കാനം വന്നു. പിടിച്ചാൽ കിട്ടാത്തവിധം ഓക്കാനം. അവൻ ചോദിച്ചു. “എന്തുപറ്റി. അസുഖം വല്ലതും” . ഞാൻ ഒന്നും പറയുവാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞു. “നിന്റെ കൈയ്യിൽ ഒരു പാറ്റ “ .
                                 അവൻ വായിൽനിന്ന് പാറ്റയെ വലിച്ചെടുത്ത് നോക്കി. കാർക്കിച്ച് തുപ്പി ഒറ്റ ഓട്ടം . ഞാൻ പണം കൊടുത്തുപുറത്തിറങ്ങി. തുരു തുരാ തുപ്പൽ. മാനേജർ ചോദിച്ചു “എന്താണ് എന്താ പ്രശ്നം“  . “ആ പ്ലേറ്റിൽ ഒരു പാറ്റ“. കഴിക്കുന്നവർ പലരും പ്ലേറ്റിലേക്ക് എത്തിനോക്കി. പലരും പ്ലേറ്റ് എറിഞ്ഞ് തെറിവിളിച്ച് പുറത്ത് കടന്നു. അയ്യാൾ പറഞ്ഞു “പണം വേണ്ട“.എന്തായാലും അത് വാങ്ങി കീശയിലാക്കി.ചില്ലറയില്ലാത്തതിനാൽ കഴിച്ചതിനേക്കാൾ ഇരുപത് രൂപ് കൂടുതൽ.
                         എന്നേക്കാൾ മുന്പേ കലേശൻ റൂമിലെത്തിയിരുന്നു. ഛർദ്ദിച്ച് തളർന്ന് ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുന്നു. ആലോചിക്കുമ്പോഴെക്കും വീണ്ടും വീണ്ടും എഴുന്നെറ്റ് ഓട്ടം . അകത്ത് കയറി അവൻ കതകടച്ചു. കിടന്നുകാണുമോ ആവോ. പാറ്റയുടെ പാതിമുറിഞ്ഞ രൂപവും കലേശന്റെ ആർത്തിയോടെയുള്ള തീറ്റയും എല്ലാമോർത്ത് വളരെ വൈകിയാണ് ഞാൻ ഉറങ്ങിയത്. രാവിലെ കലേശൻ വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.
                         ഏതായാലും വൈകി ഇന്ന് പ്രഭാ‍ത സവാരിയില്ല.പക്ഷേ പതിവുതെറ്റാതെ സേവിക്കുന്ന കടുപ്പത്തിലുള്ള ചായ . അതില്ലാതെ ഇനിയുള്ള കർമ്മങ്ങളൊന്നും നടക്കില്ല. ഞാൻ ഷർട്ട് ധരിച്ച് പുറത്ത് ഇറങ്ങി. കലേശൻ തോളിൽ ഒരു തോർത്തിട്ട് ഓഫീസിൽ തന്നെ. എനിക്ക് നിയന്ത്രിക്കാനാവാത്ത ചിരി വന്നു. എന്നാലും കടിച്ചമർത്തി ഓഫീസിനകത്തേക്ക് കയറിച്ചെന്നു. അവൻ ഒരുഗ്ലാസ് കട്ടൻ നീട്ടി. ഞാൻ വളരെ സീരിയസ്സായി കൂടിച്ച് തുടങ്ങി.
                                   അൽപ്പസമയത്തെ മൌനത്തിനുശേഷം അവൻ പറഞ്ഞു “ ഇനി അങ്ങോട്ട് പോവണ്ട“. ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചുപോയി.പിന്നെ ഞങ്ങൾ ഇരുവരും ഒരുപാട് നേരം, എത്രനേരം എന്നറില്ല കെട്ടിപ്പിടിച്ച് ചിരിച്ച് തളർന്നു. പെട്ടെന്ന് അപ്പുറത്തെ വീട്ടിൽ പ്രകാശം പരന്നു. നന്നേലൂസായ നൈറ്റി ധരിച്ച് അക്ക വെളിച്ചത്തിനു താഴെയായി നിന്ന് ആംഗ്യഭാഷയിൽ കലേശനോട് ചോദിച്ചു “എന്തുപറ്റി…..“
                               ഇത്രകാലം കഴിഞ്ഞിട്ടും ഈ കഥാപാത്രങ്ങളെയോ , സംഭവങ്ങളേയോ എന്റെ ഓർമ്മയിൽനിന്ന് മാച്ചുകളയുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്തായിരുന്നാലും വളരെക്കുറച്ച് കാലമേ കൊല്ലത്ത് ഉണ്ടായിരുന്നൂ   എങ്കിലും എനിക്ക് നല്ല സൌഹൃദം കിട്ടിയിരുന്നു. കലേശനെയും, അക്കാനേപ്പറ്റിയും ഇനിയും പറയുവാനുണ്ട്. വീണ്ടും നമുക്ക് കാണാം. ഈ രാത്രിയിൽ ഇത്രമാത്രം. കലേശന്റെ ഓർമ്മകൾക്ക്  ശുഭരാത്രി നേർന്നുകൊണ്ട് നിർത്തട്ടെ.

Friday, February 15, 2013

ഇവർ പ്രതികരിക്കുമോ??????



സൂര്യനെല്ലിക്കേസിൽ ഇവർ പ്രതികരിക്കുമോ??????


1. മാതാ അമൃതാനന്ദമയി

2. എല്ലാ ക്രിസ്ത്യൻ സഭകളുടെയും മേലധികാരികൾ

 3. എല്ലാ ഹൈന്ദവ പീഠത്തിന്റേയും  അധികാരികൾ

4. മുസ്ലീം മദ്രസ്സാധിപന്മാർ

5. ശിവഗിരിയിലെ സ്ഥാനപതി



എങ്കിൽ നാളെ കേരളത്തിന്റെ ഗതിമാറുന്ന പുതിയ 

തീരുമാനങ്ങൾ ഉണ്ടാകും………………………………………

മനുഷ്യത്തമുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം എന്തുമാകട്ടെ……..

ഈ സമൂഹത്തുന് നന്മയുണ്ടാകുമെങ്കിൽ……………………

നിങ്ങൾ പറയുന്നത് ലോകം കേൾക്കട്ടെ………………………..

അല്ലെങ്കിൽ സമാധാനവും,നീതിയും , ധർമ്മവും പറയുന്ന നിങ്ങൾക്ക് 

ഇനിമേൽ മൻസ്സാക്ഷിക്കോടതിയിൽ വിചാരണ നേരിടേണ്ടിവരും.

ഒരു സാമൂഹ്യപ്രശ്നത്തിൽ ഹൈന്ദവ, മുസ്ലീം, ക്രിസ്തീയ പുരോഹിതന്മാർക്ക് 

യാതൊരുവിധ ഇടപെടലുകളും നാളിതുവരെ ഇല്ലാത്തത് അങ്ങേയറ്റം അപലപനീയമാണ്……

ഭരണത്തിൽ സാമുദായികപങ്കാളിത്തം കണക്കുപറഞ്ഞ് അവതരിപ്പിക്കുന്ന നിങ്ങളേവരും നീതിക്കുവേണ്ടി എന്തേ ശബ്ദമുയർത്താത്തത് ?????

പീഢിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിക്ക് നീതി ലഭിക്കുവാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു………


നിങ്ങൾക്ക് കഴിയില്ല
ഞാൻ വെല്ലുവിളിക്കുന്നു…………



Wednesday, February 13, 2013

ലൌ ആൻഡ് ലിപ്സ് (ഫോർ ലവേഴ്സ് ഓൺലി)



ലൌ ആൻഡ് ലിപ്സ് (ഫോർ ലവേഴ്സ് ഓൺലി)
അടുക്കുമ്പോഴേക്കും അകലുകയും, അകലുന്തോറും അടുക്കുകയും ചെയ്യുന്ന ആവേശഭരിതമായ , മാസ്മരികമായ , ദിവ്യമായ അനുഭവമാണ് പ്രണയം. മറിച്ച് ആരും പറയുകില്ലായിരിക്കാം.
                 കാത്തിരുപ്പും, പരിഭവങ്ങളും കിന്നാരവും ഒക്കെ പ്രണയത്തിന്റെ വിവിധ ഭാവങ്ങളും ഭാവനകളുമാണ്. ഇണങ്ങിയും പിണങ്ങിയും പ്രണയം ജീവിതത്തിൽ ഉണ്ടാകുന്നു. ചിലർക്ക് പ്രണയത്തിലൂടെ മാത്രമേ ജീവിക്കുവാനാകൂ എന്നതിൽ തെല്ലും ആശ്ചര്യം തോനുന്നില്ല.
                      എന്നാൽ മനസ്സിൽ തോന്നുന്നത് പൂണ്ണമായും തുറന്നറിയിക്കുവാൻ പ്രണിതാക്കാൾക്ക് കഴിയുന്നില്ല. പറയുമ്പോൾ വാക്കുകൾകൊണ്ട് പ്രണയത്തിന്റെ സൌന്ദര്യം നഷ്ടപ്പെടുന്നതായി അഭിപ്രായമുണ്ട്. അത്രമേൽ ഉണ്ടായിരുന്ന ഇഷ്ടങ്ങൾ വാക്കുകളുടെ ഉപചാരങ്ങളിൽ വന്നുചെന്ന് അവസാനിക്കുന്നു. പറയാ‍തെ അറിയുന്ന പ്രണയമാണ് അവരേ സംബന്ധിച്ച് പ്രണയത്തിന് ആധാരം
          പ്രണയത്തിനു പറയുവാനുള്ളതെല്ലാം കാത്തുനിന്ന് അറിയുവാൻ തിടുക്കം പ്രകടമാകുന്ന പ്രണയത്തിന് സ്വീകാര്യമല്ല. ഈ സുദിനത്തിൽ എന്റെ മനസ്സിലെ ഒരു ചിന്ത പ്രണയത്തെക്കുറിച്ച് സങ്കൽ‌പ്പിക്കുന്നവർക്കായി പങ്കുവയ്ക്കുന്നു.
          വാക്ക്, കാഴ്ച്ച; ഇവയിൽ ഏതിനാണ് പ്രണയത്തെ സാഫല്ല്യത്തിന്റെ നിറവിലേക്ക് പകർത്തുവാൻ സഹായിക്കുക. ആയതിനാൽ അധരങ്ങളും പ്രണയവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് എന്റെ വിചാരങ്ങൾ നിങ്ങളിലേക്ക് ഇങ്ങനെ വന്നെത്തുന്നു.
       ഒരുപക്ഷേ പ്രണയം നാം ഏറ്റവും അനുഭവിച്ചരിയുന്നത് അത് പറയുമ്പോൾ മാത്രമായിരിക്കാം. ആ നിമിഷങ്ങൾ ഓർമ്മകളിൽ നിർവൃതിയുടെ സ്ഫുലിംഗങ്ങൾ ഉണ്ടാക്കിയേക്കാം.
                        എന്നാൽ കാഴ്ച്ച പ്രണയത്തെ വ്യത്യസ്തമായ ഒരു ത്രിമാന തലത്തിലേക്ക് കൊണ്ടുചെന്നെത്തിക്കും എന്നത് വാസ്തവമാണ് .ഒന്ന് ഒരു അനുഭവവും മറ്റൊന്ന് ലഹരിയും ആകുന്നത് ആകർഷണീ‍യമായ പ്രണയ സൌന്ദര്യമാണ്.
                                               വെള്ളിത്തിരയിലെ പ്രണയ സങ്കൽ‌പ്പങ്ങൾക്കും, നോവലുകളിലെ നായികാ- നായക ഭാവങ്ങൾക്കും, കവിതയിലെ സൌകുമാര്യകതയുമെല്ലാം ദ്യോതിപ്പിക്കുന്നത് ചുംബനത്താൽ മൂടിയ പ്രണയമാണ്. 
                   ചുംബനം മഴയായും, പൂക്കളായും, സുഗന്ധമുള്ള ഓർമ്മകളായും അഭ്രപാളികളികളിൽ മിന്നിത്തെളിയുന്നു. ഇതെല്ലാം പ്രണയത്തിന്റെ ഭാവപ്പകർച്ചകൾ മാത്രമാ‍ണ്.
                                             എന്നാൽ കണ്ണുകൾക്ക് പരസ്പരം കഥകൾ പറയുവാൻ ആകുന്നത്രയും വാക്കുകൾ കൊണ്ട് ആകുമോ?.സ്നേഹാർദ്രമായ വാക്കുകൾ ഇല്ലെങ്കിൽ പ്രണയത്തിനെ ഭാവി എന്താകും?.
                       കാഴ്ച്ച എന്ന അസാർവ്വത്രികമായ പ്രതിഭാസം , അതായിരിക്കാം അഭൌമമായ പ്രണയത്തിലേക്കായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. വാക്കുകൾ തീരെ ഇല്ലാതെ പ്രണയം അനുഭവിക്കുന്നവർ ഏറെയും ഇതിനെ അനുഭാവത്തോടെ കാണുമായിരിക്കും
    ദർശനമായിരിക്കാം ഒരുപക്ഷേ യഥാർത്ഥ പ്രണയത്തെ മോഹങ്ങളുടെ ക്യാൻവാസിലേക്ക് നിറച്ചാർത്ത് കൊണ്ട് തെല്ലും ആത്മാവ് ചോർന്നുപോകാതെ പകർത്തുവാൻ സഹായിക്കുന്നത്. 
                                            യുവാക്കൾക്ക് സമാഗമങ്ങൾ തന്നെ യാണ് പ്രണയത്തിന്റെ മൂർത്തീഭാവമാകുന്നത്. പക്ഷേ എവിടേയും എഴുതാതെ പോകുന്ന പ്രണയിക്കുന്നവർക്ക് മാത്രമായി അറിയുവാനാകുന്ന പ്രണയത്തിന്റെ ഊഷ്മളമായ പൊരുൾ എന്ത്?
                                              നിന്നേപ്പുണരുവാൻ നീട്ടിയ കൈകളിൽ എന്നെല്ലാം ഓർത്ത്പോകുമ്പോൾ എതമാത്രം എത്രമാത്രം കോരിത്തരിപ്പിന്റെ ഭാവനകളാണ് കവികൾ സമ്മാനിച്ചിട്ടുള്ളത്. അതിലും എത്രയോ വലിയ ഭാവനകളിലൂടെയാണ് നാം ഓരോരുത്തരുടേയും പ്രണയം കടന്നുപോകുന്നത്.
 പ്രണയ മഹാകാവ്യങ്ങൾ രചിച്ചിട്ടുള്ളവർ യഥാർത്ഥത്തിൽ പ്രണയനിമഗ്നരായിരുന്നോ എന്ന് ശങ്കിക്കുന്നു. ഒരിക്കലും കണ്ടുമുട്ടാതെ, ഒരുവാക്കു മിണ്ടാതെ പ്രണയത്തിന്റെ വസന്തത്തിലൂടെ കടന്നുപോകുന്നവർ എത്രമാത്രം.
                               മൌനമായ പ്രണയം വാചാലമായും, പൂക്കൾ വിരാജിക്കുന്ന സരോവരമായും.. തുമ്പികളും, പ്രാവുകളും ,അരയന്നവുമായൊക്കെ പ്രണയിക്കുന്നവർ മാത്രം അറിയുന്നു.
                    എന്തായാലും പ്രണയവും അധരങ്ങളും തമ്മിൽ വേർപിരിയുവാനാകാത്ത ഏതോ ബന്ധമുണ്ട്. അതുതന്നെയാണ് പ്രണയത്തിനെ ആത്മാവായി കരുതേണ്ടത്. മധുരമായ വാക്കുകളിലൂടെ മധുരതരമായ പ്രണയാനുരാഗത്തിന്റെ മൃദുസ്പർശങ്ങൾ…….
      ഈ സുദിനത്തിൽ നല്ല വാക്കിലും, നല്ല കാഴ്ച്ചയിലും നമകൾ നിറഞ്ഞ പ്രണയം പിറക്കട്ടെ. സർഗ്ഗാത്മകമായി അവയെ ആത്മസമർപ്പണത്താൽ ഏവരും ഉണർത്തട്ടെ . ഹൃദയപൂർവ്വം സ്നേഹിക്കുന്ന ഏവർക്കും എന്റെ വാലന്റൈൻസ് ദിനത്തിന്റെ ആശംസാ പുഷ്പ്പങ്ങൾ………….

………വിജൂവികർത്താ…………………